അസ്വാഭാവിക
മരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മൃതദേഹങ്ങള്‍ കീറിമുറിക്കാന്‍ പലരും
അനുവദിക്കുന്നത് മരണകാരണം സ്ഥിരീകരിക്കാനാണ്. കുറ്റക്കാര്‍ക്ക് ശിക്ഷ
വാങ്ങിക്കൊടുക്കാനും അതിലുപരി നിയമം അനുസരിക്കുക എന്ന തത്വം
അംഗീകരിക്കുന്നതുകൊണ്ടും ഇത് അനിവാര്യമാകുന്നു. മരണം സംഭവിച്ചാല്‍ അവരവരുടെ
മതാചാരപ്രകാരം മൃതദേഹം സംസ്‌കരിക്കും. മൃതദേഹത്തില്‍ ഒരു ഈച്ച വരാന്‍പോലും
അനുവദിക്കാത്തവര്‍ കീറിമുറിച്ചുള്ള പരിശോധനക്കു തയാറാകുന്നത് നിയമത്തിന്റെ
പിന്‍ബലംകൊണ്ട് മാത്രം.
സത്യം
നിര്‍ണയിക്കപ്പെടുന്ന നീതിയുടെ ഇരിപ്പിടമാണ് പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍.
പോസ്റ്റ്‌മോര്‍ട്ടം പരിശോധനയും അനുബന്ധ പരിശോധനയും. മരിച്ചതാര്? എപ്പോഴാണ്
മരിച്ചത്? ഏതു കാരണത്താല്‍? എന്നീ പ്രാഥമികമായ മൂന്നു ചോദ്യങ്ങളെ
ബന്ധപ്പെടുത്തി, ഒട്ടേറെ ഉപചോദ്യങ്ങള്‍ കോര്‍ത്തിണക്കി ഇവക്കെല്ലാം ഉള്ള
ഉത്തരം കണ്ടെത്തലാണ് പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നിര്‍വഹിക്കപ്പെടുന്നത്.
മരണത്തിന്റെ അനന്തര നടപടികളിലൊന്നായ പോസ്റ്റ്‌മോര്‍ട്ടത്തില്‍ സമൂഹം
പൊതുവേ താല്‍പര്യം കാണിക്കുന്നില്ലെന്നത് വസ്തുതയാണ്. ഉറ്റവരുടേയും
ഉടയവരുടേയും മൃതദേഹം കീറിമുറിച്ച് വികൃതമാക്കുക എന്നതിനോട്
പൊരുത്തപ്പെടാന്‍ അവരുടെ വേദനിക്കുന്ന മനസ്സിന് കഴിയില്ല എന്നതാണ് ഇത്
സൂചിപ്പിക്കുന്നത്. വിശ്വാസപരമായ ചിന്തകളും ഇതിനു പിന്നിലുണ്ട്. മരണം
വേര്‍പാടിന്റെ വേദന ഉണ്ടാക്കുമ്പോള്‍ തന്നെ എത്രയും വേഗം അതിന്റെ സംസ്‌കാര
ചടങ്ങ് നടത്തി അവസാന കര്‍മ്മവും പൂര്‍ത്തിയാക്കുക എന്ന ചിന്തയാണ്
ഉയരുന്നത്.
അസ്വാഭാവിക
മരണം സംഭവിക്കുന്ന കേസുകളില്‍ രാജ്യത്തെ നീതിന്യായ കോടതികളെ അതിന്റെ നിയമ
നടപടിക്രമങ്ങളില്‍ സഹായിക്കുക എന്നതാണ് രാജ്യാന്തര തലത്തില്‍ തന്നെ
പോസ്റ്റ്‌മോര്‍ട്ടം പ്രക്രിയയുടെ ആകെത്തുക. കൊലപാതക കേസുകള്‍ പോലെ തന്നെ
റോഡപകട കേസുകളും പ്രാധാന്യമര്‍ഹിക്കുന്നു. നിയമ നിര്‍വഹണത്തിന് കോടതിക്കു
കൈമാറുന്ന കുറ്റമറ്റ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് മുഖ്യം. അപകട മരണം
പോലുള്ള കേസുകളില്‍ കുടുംബത്തിന് ഇന്‍ഷ്വറന്‍സ് പരിരക്ഷ
നേടിക്കൊടുക്കുന്നതിന് സഹായകമാവുന്നതും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
തന്നെ.
മരണകാരണം
സ്ഥിരീകരിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടംകൊണ്ട് സാധ്യമാകുമോ എന്നതില്‍ ചിലര്‍
സംശയം പ്രകടിപ്പിക്കുന്നതിന്റെ പിന്നിലെ കഥകളും ആശ്ചര്യപ്പെടുത്തും.
അത്തരത്തിലുള്ള ഒരു സംഭവം ഇങ്ങനെ:
മലപ്പുറം
ജില്ലയിലെ ഒരു പ്രധാന കേന്ദ്രത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണ്.
ഒരു വ്യാപാരിയെ തന്റെ വീടിനടുത്തുള്ള കടയുടെ കഴുക്കോലില്‍ തൂങ്ങിമരിച്ച
നിലയില്‍ കാണപ്പെട്ടു. പുലര്‍ച്ചെ എത്തിയ ആളുകളാണ് ആദ്യം കണ്ടത്.
വീട്ടുകാരും നാട്ടുകാരും എല്ലാം എത്തി. സ്ഥലത്തെ പൊലീസ് മൃതദേഹം
ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മതാചാരപ്രകാരം മൃതദേഹം സംസ്‌കരിക്കുകയും
ചെയ്തു. പതിവുപോലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭ്യമായി. എന്നാല്‍
സംഭവം നടന്ന് 14 വര്‍ഷത്തിന് ശേഷമാണ് യഥാര്‍ത്ഥ സംഗതി പുറത്തായത്. ദൂരെ
നിന്നു രാത്രിയില്‍ കടപൂട്ടി വരുന്ന വ്യാപാരിയെ മൂന്നുപേര്‍
പിന്തുടര്‍ന്നു. വീടിന്റെ അടുത്തെത്താനായപ്പോള്‍ മൂന്നുപേരും കൂടി ബലമായി
പിടിച്ച് കൈവശമുള്ള ബാഗും പണവും മറ്റും കൈക്കലാക്കിയശേഷം കഴുത്തില്‍
മുണ്ടിട്ടുമുറുക്കി പരിസരത്തെ പീടികയുടെ കഴുക്കോലില്‍
കെട്ടിത്തൂക്കിയതായിരുന്നു. പ്രതികളില്‍ രണ്ടുപേര്‍ പില്‍ക്കാലത്ത്
മരണപ്പെട്ടു. മൂന്നാമന്‍ തന്റെ സുഹൃത്തിനോട് ഈ കഥ യാദൃച്ഛികമായി
പറഞ്ഞുപോയി. ആരോടും പറയരുതെന്ന് പ്രത്യേകം ഓര്‍മപ്പെടുത്തിയിരുന്നെങ്കിലും
സുഹൃത്തിന്റെ മനസ്സില്‍ ഇത് തങ്ങിനിന്നില്ല. കൊലപാതക വിവരം പുറത്തെത്തി.
ഇനി എന്തുചെയ്യാന്‍ എന്നു പറഞ്ഞ് കൈമലര്‍ത്താനേ കഴിഞ്ഞുള്ളൂ. പൊലീസിനോ
പോസ്റ്റ്‌മോര്‍ട്ടം ചെയ്തവര്‍ക്കോ മരണകാരണം സ്ഥിരീകരിക്കാന്‍
സാധിക്കാത്തതിലേക്കാണ് ഇത്തരം സംഭവങ്ങള്‍ പലരും ചൂണ്ടിക്കാണിക്കുന്നത്.
ഏതാനും
വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത
വിഭാഗത്തില്‍ മറ്റൊരു സംഭവമുണ്ടായി. അരീക്കോട് നിന്നു ക്ഷയരോഗം ബാധിച്ച
ഒരാളെ രാത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവന്നു. ഗുരുതരമായ
ശ്വാസതടസ്സംകൊണ്ടാണ് രാത്രിയില്‍ തന്നെ ബന്ധുക്കള്‍ എത്തിച്ചത്. രോഗിയെ
അത്യാഹിത വിഭാഗം അകത്തളത്തിലെ പരിശോധനാ ടേബിളില്‍ കിടത്തി. സമയം ഏറെ
കഴിഞ്ഞിട്ടും ഡോക്ടര്‍മാര്‍ എത്തിയില്ല. കൂടെ വന്ന ഒരാള്‍ ഒരു ഡോക്ടറുടെ
അടുത്തെത്തി വിവരം പറഞ്ഞു. ഉടനെ ഡോക്ടറെത്തി പരിശോധിക്കുകയും ഗ്ലൂക്കോസ്
കയറ്റുകയും ചെയ്തു. ഡോക്ടര്‍ വേറൊരു രോഗിയെ നോക്കാന്‍ പോയി.
അല്‍പസമയത്തിനകം നേരത്തെ എത്തിയ രോഗി മരണപ്പെട്ടു. പരിശോധിക്കാന്‍
വൈകിയതിനാലാണ് രോഗി മരിച്ചതെന്നുപറഞ്ഞ് ബന്ധുക്കള്‍ ബഹളംവെച്ചു. എന്നാല്‍
ഡോക്ടര്‍ രേഖപ്പെടുത്തിയതാവട്ടെ മരണപ്പെട്ട നിലയില്‍ കൊണ്ടുവന്നു എന്നും
മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റണമെന്നും.
കുറ്റത്തില്‍
നിന്നും ഡോക്ടര്‍ രക്ഷപ്പെട്ടു. മരണപ്പെട്ട നിലയില്‍ ആയിരുന്നുവെങ്കില്‍
എന്തിനു ഗ്ലൂക്കോസ് കയറ്റി എന്ന ചോദ്യത്തിന് മറുപടിയില്ല. മരിച്ചയാള്‍
തിരിച്ചുവരില്ലല്ലോ. സൂപ്രണ്ടിന് പരാതിയും നല്‍കി ബന്ധുക്കള്‍
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം കൊണ്ടുപോയി. സ്വാഭാവിക മരണമായാല്‍
പോലും ആസ്പത്രിയിലേക്ക് എത്തുമ്പോഴേക്കും രോഗി മരിക്കുന്നപക്ഷം
ആവശ്യമില്ലാതെ പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുന്നതാണ് മെഡിസിന്‍
വിഭാഗത്തിലെ ചിലരുടെ രീതി. അത്യാഹിത വിഭാഗത്തിലുള്ളവര്‍ക്ക്
സംശയനിവൃത്തിക്ക് പരിഹാരമുണ്ടാക്കാന്‍ സാധിക്കാതെ വരുന്നതും പലപ്പോഴും
പ്രശ്‌നത്തിനിടയാക്കുന്നു.
ആസ്പത്രിയിലെ
വാര്‍ഡുകളില്‍ ചികില്‍സാ പിഴവുമൂലം രോഗി മരിച്ചെന്ന് ആരോപിച്ചാലും
കൊണ്ടുപോകുന്നുണ്ടോ അല്ലെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിടണമോ എന്നാകും
ചോദ്യമുയരുക. എല്ലാ പ്രശ്‌നങ്ങള്‍ക്കും പോസ്റ്റ്‌മോര്‍ട്ടം ഒരു
ശമനമാകുകയാണ്.
മധ്യകേരളത്തിലുള്ള
ഒരു മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നടന്ന സംഭവമാണിത്.
പോസ്റ്റ്‌മോര്‍ട്ടത്തിന് സഹായിയായി ഉണ്ടായിരുന്ന ഒരു ജൂനിയര്‍ ഡോക്ടര്‍
പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലെ അസ്ഥിരോഗ വിഭാഗത്തില്‍ ഡ്യൂട്ടി
മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്യവേ പറഞ്ഞത്:
ഒരു
പ്രത്യേക കേസില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കുകയായിരുന്നു. പത്രങ്ങളിലും
മറ്റും സംഭവം കത്തിനില്‍ക്കുന്നുണ്ട്. രണ്ടാമതൊരിക്കല്‍ കൂടി
പോസ്റ്റ്‌മോര്‍ട്ടം വേണ്ടിവരുമെന്ന് മോര്‍ച്ചറിയുടെ അകത്തളങ്ങളിലേക്ക്
വിവരം എത്തി. അതുകൊണ്ടുതന്നെ പോര്‍സ്റ്റ്‌മോര്‍ട്ടത്തിന് സാഹചര്യം
അനുവദിക്കാതെ ആന്തരികാവയവങ്ങളില്‍ പ്രധാനമായവ കഷ്ണം കഷ്ണമാക്കുകയായിരുന്നു.
കരള്‍ എടുത്ത് കൊത്തിയരിഞ്ഞതായാണ് സഹായി വിവരിക്കുന്നത്.
ഡോക്ടര്‍മാര്‍ വിചാരിച്ചാല്‍ ചിലതെല്ലാം സാധിക്കുമെന്നതാണ്
പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന്റെ ഈ പിന്നാമ്പുറക്കഥ വിളിച്ചോതുന്നത്.
പക്ഷേ എല്ലാവരും അങ്ങനെ ചെയ്യുന്നവരല്ല. അടച്ചിട്ട മുറിയിലെ പ്രവൃത്തി
ആയതിനാല്‍ ഡോക്ടര്‍മാരോടുള്ള വിശ്വാസമാണ് പൊതുജനത്തിന്റെ കൈമുതല്‍.
No comments:
Post a Comment