Tuesday, October 25, 2011

കടലുണ്ടി വാവുത്സവം




പാല്‍വര്‍ണ കുതിരപ്പുറത്ത് ജാതവന്‍ എഴുന്നള്ളിയതോടെ കടലുണ്ടി വാവുത്സവത്തിന്റെ പ്രധാന ചടങ്ങായ ജാതവന്‍ പുറപ്പാടിനു തുടക്കമായി. കാക്കകേറാക്കുന്നിലെ ജാതവന്‍ കോട്ടയില്‍ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ക്കുശേഷമാണ് ജാതവന്‍ ഊരുചുറ്റാനിറങ്ങിയത്.

തുലാമാസത്തിലെ കറുത്തവാവിന്‍നാളില്‍ വാക്കടവ് കടപ്പുറത്ത് നീരാട്ടിനെത്തുന്ന പേടിയാട്ടമ്മയെ ദര്‍ശിക്കാനായാണ് ജാതവന്‍ ഊരുചുറ്റാനിറങ്ങിയത്. എല്ലാവര്‍ഷവും തുലാമാസത്തിലെ കറുത്തവാവിന് മൂന്നുനാള്‍ മുമ്പാണ് ജാതവന്‍ അമ്മയെ കാണാനുള്ള ആഗ്രഹവുമായി ജാതവന്‍ കോട്ടയില്‍നിന്ന് ഊരു ചുറ്റാനിറങ്ങുന്നത്. ഊരുവാസികളെക്കണ്ട് സന്തോഷം പങ്കിടുന്ന ജാതവന്‍ മണ്ണൂര്‍ ശിവക്ഷേത്രം, എട്ടിയാട്ടില്ലം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് വാവുദിനം പുലര്‍ച്ചെ വാക്കടവില്‍ അമ്മ ഭഗവതിയെ കാണാനെത്തുക. ഈ സമയം ദേവിയുടെ നീരാട്ടെഴുന്നള്ളത്തും വാക്കടവിലെത്തും.

ശുദ്ധിയുടെ മൂര്‍ത്തിമദ്ഭാവം കാക്കുന്ന ദേവിയാണ് പേടിയാട്ടമ്മ. ദേവിയുടെ മകനാണ് ജാതവന്‍. അമ്മയുടെ വിലക്ക് ലംഘിച്ച് മാതൃസഹോദരി അമ്മാഞ്ചേരി അമ്മയോടൊപ്പം ജാതവന്‍ ശ്രീവളയനാട് പൂരത്തിന് പോവുകയും വളയനാട്ടമ്മ നല്കിയ മധ്യമപൂജാ വസ്തുക്കള്‍ അടങ്ങുന്ന സത്കാരം തിരസ്‌കരിക്കുകയും ചെയ്തു. ക്ഷുഭിതയായ വളയനാട്ടമ്മ മധ്യമവസ്തുക്കള്‍ കുതിരപ്പുറത്തേറിയ ജാതവനുനേരെ തൊട്ടുതെറിപ്പിച്ചു. അശുദ്ധനായി തിരിച്ചെത്തിയ ജാതവനെ പേടിയാട്ടമ്മ അകറ്റിനിര്‍ത്തി. കാക്കകേറാക്കുന്നില്‍ കോട്ടകെട്ടി കുടിയിരുത്തി. തുലാമാസത്തിലെ കറുത്തവാവിന്‍നാളില്‍ കക്കാട്ട് കടപ്പുറത്ത് (വാക്കടവ്) ദര്‍ശനം നല്കാമെന്നും അന്ന് തന്നോടൊപ്പം എഴുന്നെള്ളുമെന്ന ഉറപ്പുനല്കിയെന്നുമാണ് കടലുണ്ടി വാവുത്സവത്തിന്റെ ഐതിഹ്യം.

ദേവിയെ ദര്‍ശിക്കാനായി പുറപ്പെട്ട ജാതവന്റെ അനുഗ്രഹംതേടി നൂറുകണക്കിന് ഭക്തജനങ്ങളാണ് തിങ്കളാഴ്ച ജാതവന്‍കോട്ടയിലെത്തിയത്.

Tuesday, September 20, 2011

The first railway station in south india



South India's first railway line was implemented from Chaliyam (kadalundi) to Tirur in 1861

Thursday, June 16, 2011

കോഴിക്കോടിന് അഭിമാനമായി ഇനി സാമൂതിരി ടവര്‍



കോഴിക്കോടിന് അഭിമാനസ്തംഭമായി സാമൂതിരി ടവര്‍ സമീപഭാവിയില്‍ മാനാഞ്ചിറയിലെ പഴയ ആര്‍.ഡി.ഒ.ഓഫീസ് പരിസരത്ത് ഉയരും. സാമൂതിരിയുടെ പേരിലുള്ള ടവറിനെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ കുഞ്ഞാലി മരയ്ക്കാറുടെ പേരിലുള്ള മനോഹരമായ ഉദ്യാനവും തൊട്ടടുത്തായി ഒരുക്കും.
മലബാറിന്റെ ടൂറിസം വിവരങ്ങളെല്ലാം ലഭ്യമാകുന്ന കേന്ദ്രം എന്ന നിലയിലാണ് കെട്ടിടം നിര്‍മിക്കുന്നത്. ആദ്യ രണ്ടു നിലകളില്‍ ചരിത്ര മ്യൂസിയമായിരിക്കും. 62 മീറ്റര്‍ ഉയരമുള്ള ടവറില്‍ 14ാം നിലയില്‍ കോഴിക്കോട് നഗരത്തിന്റെ മുഴുവന്‍ ദ്യശ്യങ്ങളും കാണാനാകുന്ന വ്യൂ പോയന്റുമുണ്ടാകും.
മാനാഞ്ചിറ സ്‌ക്വയറില്‍ നിന്നും ടവറിലേക്ക് അടിപ്പാത പണിയും. റവന്യൂവകുപ്പിന്റെ പക്കലുള്ള രണ്ട് ഏക്കര്‍ ഭൂമിയിലാണ് ടവര്‍ ഉയരുന്നത്. സമീപത്ത് ആരോഗ്യവകുപ്പിന്റെ പക്കലുള്ള സ്ഥലം കൂടി പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുമെന്നും കളക്ടര്‍ പി.ബി.സലിം വ്യക്തമാക്കി. തന്റെ ഭരണകാലത്തു തുടക്കമിടാന്‍ കഴിയാത്ത പദ്ധതിയെന്നനിലയിലാണ് കളക്ടര്‍ ടവറിനെക്കുറിച്ച് വിശദീകരിച്ചത്. ടവറിന്റെ രൂപകല്പന തയ്യാറായിട്ടുണ്ട്. അതിന് സര്‍ക്കാറിന്റെ അനുമതിയും ലഭിച്ചു. വെള്ളിയാഴ്ച മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ ടവറിനെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.

Tuesday, April 5, 2011

ദ്വീപ് സേതുവിന് സേവനത്തിന്റെ കാല്‍നൂറ്റാണ്ട്‌




ബേപ്പൂരും ലക്ഷദ്വീപുമായി കടല്‍ താണ്ടുന്ന യാത്രക്കപ്പലായ 'എം.വി. ദ്വീപ്‌സേതു' കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. ബേപ്പൂര്‍ തുറമുഖം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ്വീപ്‌സേതു 1986 തൊട്ടാണ് യാത്രതുടങ്ങിയത്. ബേപ്പൂര്‍ തുറമുഖത്തുനിന്ന് ആദ്യമായി ലക്ഷദ്വീപിലേക്കും തിരിച്ചും യാത്രയ്ക്ക് തുടക്കമിട്ട കപ്പലാണിത്.

ഒരു വലിയ കാലഘട്ടമത്രയും വന്‍കരയില്‍ എത്തുന്ന ദ്വീപ് നിവാസികള്‍ക്ക് ആശ്രയമായിരുന്നത് ദ്വീപ്‌സേതുവായിരുന്നു. അടുത്തകാലത്താണ് എയര്‍കണ്ടീഷന്‍ ചെയ്യപ്പെട്ട കപ്പലുകളായ 'പറളി', 'വലിയ പാനി', 'ചെറിയ പാനി' എന്നീ യാത്രക്കപ്പലുകളും അമിന്‍ദിവി, മിനിക്കോയി എന്നീ കപ്പലുകളും ബേപ്പൂര്‍-ലക്ഷദ്വീപ് യാത്ര തുടങ്ങിയത്.
പക്ഷേ, ജനകീയ കപ്പല്‍ എന്ന് പ്രസിദ്ധി നേടിയ ദ്വീപ്‌സേതുവിലാണ് സാധാരണ ദ്വീപുകാരുടെ ഇന്നുമുള്ള യാത്ര. ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അലിഖിത നാമവും എം.വി. ദ്വീപുസേതുവിനുണ്ട്. ദ്വീപ്‌സേതു തുറമുഖത്തടുക്കുമ്പോള്‍ തൊഴിലാളികള്‍ ഇപ്പോഴും പറയും സുല്‍ത്താന്‍ വരുന്നുണ്ടെന്ന്.

പഴയ കപ്പലാണെങ്കിലും ആധുനിക വാര്‍ത്താവിനിമയ സംവിധാനവും യാത്രക്കാര്‍ക്കുള്ള മറ്റ് സൗകര്യങ്ങളും കപ്പലിലുണ്ട്. മര്‍മഗോവയിലെ ചൗഗുലി കപ്പല്‍ശാലയില്‍ ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ച ദ്വീപ്‌സേതുവില്‍ 150 പേര്‍ക്ക് യാത്രചെയ്യാം. 35 ടണ്‍ ചരക്കുകയറ്റാനുള്ള സംവിധാനവും ഈ കപ്പലിലുണ്ട്. ലക്ഷദ്വീപ് ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള കാന്റീനാണ് കപ്പലില്‍ പ്രവര്‍ത്തിക്കുന്നത്. 48 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ള കപ്പലിന്റെ കേവുഭാരം 492 ടണ്‍ ആണ്.
കില്‍ത്താന്‍, ചെത്ത്‌ലത്ത്, ബില്‍, അമേനി, കടമത്ത്, അഗത്തി, ആന്ത്രോത്ത്, കല്‍പ്പേനി എന്നീ ദ്വീപുകളിലേക്കാണ് ബേപ്പൂര്‍ തുറമുഖത്തുനിന്ന് ഈ കപ്പല്‍ സര്‍വീസ് നടത്തുന്നത്. ലക്ഷദ്വീപ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് കപ്പല്‍ സര്‍വീസിന്റെ ചുമതല. ബാലുശ്ശേരി സ്വദേശി കെ.കെ. ഹരിദാസാണ് ദ്വീപ്‌സേതുവിന്റെ ക്യാപ്റ്റന്‍.

മെയ് 15 മുതല്‍ സപ്തംബര്‍ 15 വരെയുള്ള സീസണില്‍ മാത്രമേ ഈ കപ്പല്‍ സര്‍വീസ് നടത്തുകയുള്ളൂ. ബേപ്പൂര്‍ തുറമുഖത്തുനിന്ന് ഈ കപ്പല്‍ ദ്വീപിലെത്താന്‍ 20 മണിക്കൂറെടുക്കും. ലക്ഷദ്വീപ് സ്വദേശികളായ യാത്രക്കാര്‍ക്ക് സുമാര്‍ 150 രൂപയേ യാത്രക്കൂലി വരുന്നുള്ളൂ. മാസത്തില്‍ അഞ്ചുതവണ ദ്വീപിലേക്കും തിരിച്ചുമാണ് ദ്വീപ്‌സേതുവിന്റെ യാത്ര.

അതിവേഗ യാത്രാ കപ്പലായ പറളി, വലിയപാനി, ചെറിയപാനി എന്നിവ ബേപ്പൂരിന് ഏറ്റവും അടുത്തായ ആന്ത്രോത്തിലെത്താന്‍ ആറര മണിക്കൂര്‍ മതി. ഇതില്‍ ലക്ഷദ്വീപ് സ്വദേശികളായ യാത്രക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും യാത്രാനിരക്ക് കൂടും.