Tuesday, October 25, 2011
കടലുണ്ടി വാവുത്സവം
പാല്‍വര്‍ണ കുതിരപ്പുറത്ത് ജാതവന്‍ എഴുന്നള്ളിയതോടെ കടലുണ്ടി വാവുത്സവത്തിന്റെ പ്രധാന ചടങ്ങായ ജാതവന്‍ പുറപ്പാടിനു തുടക്കമായി. കാക്കകേറാക്കുന്നിലെ ജാതവന്‍ കോട്ടയില്‍ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ക്കുശേഷമാണ് ജാതവന്‍ ഊരുചുറ്റാനിറങ്ങിയത്.
തുലാമാസത്തിലെ കറുത്തവാവിന്‍നാളില്‍ വാക്കടവ് കടപ്പുറത്ത് നീരാട്ടിനെത്തുന്ന പേടിയാട്ടമ്മയെ ദര്‍ശിക്കാനായാണ് ജാതവന്‍ ഊരുചുറ്റാനിറങ്ങിയത്. എല്ലാവര്‍ഷവും തുലാമാസത്തിലെ കറുത്തവാവിന് മൂന്നുനാള്‍ മുമ്പാണ് ജാതവന്‍ അമ്മയെ കാണാനുള്ള ആഗ്രഹവുമായി ജാതവന്‍ കോട്ടയില്‍നിന്ന് ഊരു ചുറ്റാനിറങ്ങുന്നത്. ഊരുവാസികളെക്കണ്ട് സന്തോഷം പങ്കിടുന്ന ജാതവന്‍ മണ്ണൂര്‍ ശിവക്ഷേത്രം, എട്ടിയാട്ടില്ലം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് വാവുദിനം പുലര്‍ച്ചെ വാക്കടവില്‍ അമ്മ ഭഗവതിയെ കാണാനെത്തുക. ഈ സമയം ദേവിയുടെ നീരാട്ടെഴുന്നള്ളത്തും വാക്കടവിലെത്തും.
ശുദ്ധിയുടെ മൂര്‍ത്തിമദ്ഭാവം കാക്കുന്ന ദേവിയാണ് പേടിയാട്ടമ്മ. ദേവിയുടെ മകനാണ് ജാതവന്‍. അമ്മയുടെ വിലക്ക് ലംഘിച്ച് മാതൃസഹോദരി അമ്മാഞ്ചേരി അമ്മയോടൊപ്പം ജാതവന്‍ ശ്രീവളയനാട് പൂരത്തിന് പോവുകയും വളയനാട്ടമ്മ നല്കിയ മധ്യമപൂജാ വസ്തുക്കള്‍ അടങ്ങുന്ന സത്കാരം തിരസ്‌കരിക്കുകയും ചെയ്തു. ക്ഷുഭിതയായ വളയനാട്ടമ്മ മധ്യമവസ്തുക്കള്‍ കുതിരപ്പുറത്തേറിയ ജാതവനുനേരെ തൊട്ടുതെറിപ്പിച്ചു. അശുദ്ധനായി തിരിച്ചെത്തിയ ജാതവനെ പേടിയാട്ടമ്മ അകറ്റിനിര്‍ത്തി. കാക്കകേറാക്കുന്നില്‍ കോട്ടകെട്ടി കുടിയിരുത്തി. തുലാമാസത്തിലെ കറുത്തവാവിന്‍നാളില്‍ കക്കാട്ട് കടപ്പുറത്ത് (വാക്കടവ്) ദര്‍ശനം നല്കാമെന്നും അന്ന് തന്നോടൊപ്പം എഴുന്നെള്ളുമെന്ന ഉറപ്പുനല്കിയെന്നുമാണ് കടലുണ്ടി വാവുത്സവത്തിന്റെ ഐതിഹ്യം.
ദേവിയെ ദര്‍ശിക്കാനായി പുറപ്പെട്ട ജാതവന്റെ അനുഗ്രഹംതേടി നൂറുകണക്കിന് ഭക്തജനങ്ങളാണ് തിങ്കളാഴ്ച ജാതവന്‍കോട്ടയിലെത്തിയത്.
Subscribe to:
Posts (Atom)