Tuesday, April 5, 2011
ദ്വീപ് സേതുവിന് സേവനത്തിന്റെ കാല്‍നൂറ്റാണ്ട്
ബേപ്പൂരും ലക്ഷദ്വീപുമായി കടല്‍ താണ്ടുന്ന യാത്രക്കപ്പലായ 'എം.വി. ദ്വീപ്‌സേതു' കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. ബേപ്പൂര്‍ തുറമുഖം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ്വീപ്‌സേതു 1986 തൊട്ടാണ് യാത്രതുടങ്ങിയത്. ബേപ്പൂര്‍ തുറമുഖത്തുനിന്ന് ആദ്യമായി ലക്ഷദ്വീപിലേക്കും തിരിച്ചും യാത്രയ്ക്ക് തുടക്കമിട്ട കപ്പലാണിത്.
ഒരു വലിയ കാലഘട്ടമത്രയും വന്‍കരയില്‍ എത്തുന്ന ദ്വീപ് നിവാസികള്‍ക്ക് ആശ്രയമായിരുന്നത് ദ്വീപ്‌സേതുവായിരുന്നു. അടുത്തകാലത്താണ് എയര്‍കണ്ടീഷന്‍ ചെയ്യപ്പെട്ട കപ്പലുകളായ 'പറളി', 'വലിയ പാനി', 'ചെറിയ പാനി' എന്നീ യാത്രക്കപ്പലുകളും അമിന്‍ദിവി, മിനിക്കോയി എന്നീ കപ്പലുകളും ബേപ്പൂര്‍-ലക്ഷദ്വീപ് യാത്ര തുടങ്ങിയത്.
പക്ഷേ, ജനകീയ കപ്പല്‍ എന്ന് പ്രസിദ്ധി നേടിയ ദ്വീപ്‌സേതുവിലാണ് സാധാരണ ദ്വീപുകാരുടെ ഇന്നുമുള്ള യാത്ര. ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അലിഖിത നാമവും എം.വി. ദ്വീപുസേതുവിനുണ്ട്. ദ്വീപ്‌സേതു തുറമുഖത്തടുക്കുമ്പോള്‍ തൊഴിലാളികള്‍ ഇപ്പോഴും പറയും സുല്‍ത്താന്‍ വരുന്നുണ്ടെന്ന്.
പഴയ കപ്പലാണെങ്കിലും ആധുനിക വാര്‍ത്താവിനിമയ സംവിധാനവും യാത്രക്കാര്‍ക്കുള്ള മറ്റ് സൗകര്യങ്ങളും കപ്പലിലുണ്ട്. മര്‍മഗോവയിലെ ചൗഗുലി കപ്പല്‍ശാലയില്‍ ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ച ദ്വീപ്‌സേതുവില്‍ 150 പേര്‍ക്ക് യാത്രചെയ്യാം. 35 ടണ്‍ ചരക്കുകയറ്റാനുള്ള സംവിധാനവും ഈ കപ്പലിലുണ്ട്. ലക്ഷദ്വീപ് ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള കാന്റീനാണ് കപ്പലില്‍ പ്രവര്‍ത്തിക്കുന്നത്. 48 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ള കപ്പലിന്റെ കേവുഭാരം 492 ടണ്‍ ആണ്.
കില്‍ത്താന്‍, ചെത്ത്‌ലത്ത്, ബില്‍, അമേനി, കടമത്ത്, അഗത്തി, ആന്ത്രോത്ത്, കല്‍പ്പേനി എന്നീ ദ്വീപുകളിലേക്കാണ് ബേപ്പൂര്‍ തുറമുഖത്തുനിന്ന് ഈ കപ്പല്‍ സര്‍വീസ് നടത്തുന്നത്. ലക്ഷദ്വീപ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് കപ്പല്‍ സര്‍വീസിന്റെ ചുമതല. ബാലുശ്ശേരി സ്വദേശി കെ.കെ. ഹരിദാസാണ് ദ്വീപ്‌സേതുവിന്റെ ക്യാപ്റ്റന്‍.
മെയ് 15 മുതല്‍ സപ്തംബര്‍ 15 വരെയുള്ള സീസണില്‍ മാത്രമേ ഈ കപ്പല്‍ സര്‍വീസ് നടത്തുകയുള്ളൂ. ബേപ്പൂര്‍ തുറമുഖത്തുനിന്ന് ഈ കപ്പല്‍ ദ്വീപിലെത്താന്‍ 20 മണിക്കൂറെടുക്കും. ലക്ഷദ്വീപ് സ്വദേശികളായ യാത്രക്കാര്‍ക്ക് സുമാര്‍ 150 രൂപയേ യാത്രക്കൂലി വരുന്നുള്ളൂ. മാസത്തില്‍ അഞ്ചുതവണ ദ്വീപിലേക്കും തിരിച്ചുമാണ് ദ്വീപ്‌സേതുവിന്റെ യാത്ര.
അതിവേഗ യാത്രാ കപ്പലായ പറളി, വലിയപാനി, ചെറിയപാനി എന്നിവ ബേപ്പൂരിന് ഏറ്റവും അടുത്തായ ആന്ത്രോത്തിലെത്താന്‍ ആറര മണിക്കൂര്‍ മതി. ഇതില്‍ ലക്ഷദ്വീപ് സ്വദേശികളായ യാത്രക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും യാത്രാനിരക്ക് കൂടും.
Subscribe to:
Posts (Atom)