Wednesday, April 28, 2010

ഗള്‍ഫിലേക്കുള്ള ദൂരം

ഗള്‍ഫ് കുടിയേറ്റത്തിന്റെ 50-ാം വാര്‍ഷികം താണ്ടുമ്പോഴും പ്രവാസികള്‍ ഓര്‍ക്കാതെ പോകുന്ന ഒരു മുന്‍തലമുറക്കാരുണ്ട്. നമുക്ക് മുന്നില്‍ മണലും കടലും കാടും തോടും താണ്ടി പായ്കപ്പലിലും, കള്ളലോഞ്ചിലും 'അനധികൃത' കുടിയേറ്റക്കാരായി ഈ തീരത്തണഞ്ഞവര്‍... പേര്‍ഷ്യ എന്ന വന്‍കര ലക്ഷ്യമാക്കിയല്ല വറുതിയില്‍നിന്ന് കഷ്ടപ്പാടില്‍നിന്ന് മുഴുപ്പട്ടിണിയില്‍നിന്ന്... സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍... നാടിനെ നാട്ടുകാരെ രക്ഷിക്കാന്‍ ഏതെങ്കിലും തീരത്തണയാന്‍ പുറപ്പെട്ടതായിരുന്നു അവര്‍.. വിദ്യാഭ്യാസത്തിന്റെ പിന്‍ബലമില്ലാത്തവര്‍പോലും, ലോഞ്ചിലും ചങ്ങാടത്തിലും ഉരുവിലും കയറി ലക്ഷ്യമില്ലാതെ ഏതെങ്കിലും മണല്‍കാട് കാണുന്നതുവരെ... ഇവരെ കൊണ്ടുപോകുന്ന ലോഞ്ചുകാര്‍ കൊടുത്തകാശ് തീരുന്നസ്ഥലത്ത് ഇറക്കിവിടും. ദൂരെ കാണുന്ന കരയെ ലക്ഷ്യമാക്കിയുള്ള നീന്തലായിരിക്കും പിന്നീട്. ഇതില്‍ കരക്കണഞ്ഞവര്‍ എത്ര? രോഗംവന്ന് ജീവിതം വെടിഞ്ഞവര്‍... പിടിക്കപ്പെട്ടവര്‍.. ഭക്ഷണവും മരുന്നുമില്ലാതെ തളര്‍ന്നുപോയവര്‍, ആര്‍ക്കും ആരും തുണയില്ലാതെ... മുംബൈയിലോ, റാസല്‍ഖൈമയിലോ, ഫുജൈറയിലോ, കോര്‍ഫുക്കാനിലോ കരപറ്റിയവര്‍... 'വീണിടം വിഷ്ണുലോക'മാക്കിയവര്‍.

നമുക്ക് മുമ്പെ ഇവിടെ എത്തിയവരുടെ, കഷ്ടപ്പാടുകളുടെ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ, വെട്ടിപ്പിടിത്തത്തിന്റെ പച്ചയായ ജീവിതം ചമച്ചവര്‍. നമുക്ക് വെട്ടിത്തന്ന വഴിത്താരയ്ക്ക്... ഇപ്പോള്‍ ദൂരം വളരെ കുറവാണ്.നമ്മുടെ മുന്‍ തലമുറ വെട്ടിത്തന്ന വഴിയിലൂടെ, അവര്‍ നടന്ന് പാകപ്പെടുത്തിയ മണലിലൂടെ അവര്‍ കാണിച്ചുതന്ന സ്വര്‍ഗഭൂമിയിലേക്ക് വിമാനത്തിന്റെ ശീതികരണത്തില്‍നിന്ന് എയര്‍പോര്‍ട്ടിന്റെ തണുപ്പിലേക്കും. അവിടുന്ന് തണുപ്പ് മൂളുന്ന കാറിലേക്കും. അമ്പത്‌നില മൊത്തമായി ശീതികരിച്ച ഫ്ലറ്റിലേക്കും അവിടുന്ന് ഈര്‍പ്പമിറങ്ങുന്ന ഓഫീസിലേക്കും പുതുതലമുറ വന്നിറങ്ങുന്നു. കഷ്ടപ്പാടുകള്‍ ഏതുമില്ലാതെ കേരളത്തിന്റെ ഏത് എയര്‍പോര്‍ട്ടില്‍നിന്നും മൂന്നുമുതല്‍ നാല് മണിക്കൂര്‍ കൊണ്ട് ഗള്‍ഫിന്റെ ഏത് കോണിലും എത്തുന്നു. നാട്ടില്‍ നിന്ന് നമ്മളെ എയര്‍പോര്‍ട്ടിലേക്ക് യാത്രയയക്കാന്‍ വന്ന കുടുംബങ്ങളോ, സുഹൃത്തുക്കളോ, കാറില്‍ കേരളത്തിന്റെ 'റോഡ്' വഴി തിരിച്ച് വീട്ടിലെത്തുന്നതിന് മുമ്പ് നാം ഗള്‍ഫിലെത്തിയിരിക്കും.

കുറഞ്ഞകാലം കൊണ്ട് ഈ രാജ്യം കൈവരിച്ച നേട്ടം അസൂയാവഹമാണ്. കര്‍മ്മനിരതരായ ഭരണകര്‍ത്താക്കളെയും ഭാവിയുടെ വളര്‍ച്ചയ്ക്ക് സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കുന്ന അനുബന്ധ വകുപ്പുകളും ഒരു രാജ്യത്തിന്റെ കുതിച്ച് ചാട്ടത്തിന് നിദാനമായി. നാല്‍പത് വര്‍ഷത്തിനു മുമ്പുള്ള യു.എ.ഇ.യുടെ പഴയകാല അവസ്ഥയിലേക്കായിരുന്നു കേരളത്തില്‍ നിന്നുള്ളവരുടെ കടന്നുകയറ്റം. വീട്ടില്‍ നിന്ന് വിട്ടാല്‍ പത്തും പതിനാറും ദിവസങ്ങള്‍..... ചിലപ്പോള്‍ മാസങ്ങള്‍.... ഇവിടെ തീരത്തണഞ്ഞു എന്ന് വിവരം അറിയിക്കാന്‍ മാര്‍ഗ്ഗമില്ലാതെ... പരസ്​പരം ബന്ധപ്പെടാന്‍ ആവാതെ... വീട്ടുകാരുടെ പ്രാര്‍ത്ഥനയും വഴിപാടും കൊണ്ട് ജീവിച്ചവര്‍... മണലിനോടും മണല്‍കാറ്റിനോടും പൊരുതിയവര്‍... തണുപ്പിനോടും ചുട്ടുപൊള്ളുന്ന വേനലിനോടും പൊരുതിജയിച്ചവര്‍... കാതങ്ങളോളം നടന്ന് അടുത്ത എമിറേറ്റ്‌സില്‍ എത്തിയവര്‍... പിടിച്ച് നില്‍ക്കാന്‍... സ്വയം ജീവിക്കാന്‍... മറ്റുള്ളവരെ ജീവിപ്പിക്കാന്‍... എന്തൊക്കെ കഷ്ടപ്പാടുകള്‍... ഭക്ഷണവും വെള്ളവും... വൈദ്യുതിയും ഇല്ലാതെ ഇന്തപ്പഴവും ഒട്ടകപാലും കഴിച്ച് ജീവിച്ചവര്‍... സ്വരുകൂട്ടിവെച്ചത് നാട്ടിലെത്തിക്കാന്‍ കഴിയാതെ പണമിടപാട് സ്ഥാപനങ്ങളില്‍ എത്താന്‍ കഴിയാതെ... മറ്റാരുടെയെങ്കിലും പക്കല്‍ കൊടുത്തയച്ചവര്‍... ഈ കഥ പുതുതലമുറയ്ക്ക് അന്യമാണ്. അന്നത്തെ ഗള്‍ഫുകാരുടെ 'സാഹസികത' വിവരിക്കുമ്പോള്‍ നമുക്ക് 'ബഡായ്' ആയി തോന്നാം. പഴയപട്ടാളക്കാരുടെ കഥ കേള്‍ക്കുന്നതുപോലെ, തമാശയായി തോന്നാം. തമാശയല്ല എന്നറിയണമെങ്കില്‍ നാല്‍പത് വര്‍ഷം പിന്നോട്ട് നടക്കണം. അന്നത്തെ ഗള്‍ഫ് എന്താണന്നറിയണം. എങ്ങനെയാണ് ഇവിടെ എത്തിയത് എന്നറിയണം.

നമ്മുടെ നാട്ടില്‍ 15 വര്‍ഷം മുമ്പ് വരെ 'സിറ്റിസണ്‍' വാച്ചും സൈക്കോ ഫൈവ് വാച്ചോ കൊണ്ടുപോകണമെങ്കില്‍ ഒളിച്ച് കടത്തണമായിരുന്നു. മൂന്ന് വാച്ച് പിടിക്കപ്പെട്ടാല്‍ അവന്‍ 'കള്ളകടത്തു'കാരനായിരുന്നു. നിഡോയുടെ പാത്രത്തിലോ, കാസറ്റിന്റെ ഉള്ളിലോ... എട്ട് ഗ്രാമിന്റെ സ്വര്‍ണം 'കടത്തിയ' കഥ ഇന്നും പഴയ ഗള്‍ഫുകാര്‍ പറയുന്നത് കേള്‍ക്കാം.

ആരൊക്കെ പീഡിപ്പിച്ചു. എന്തൊക്കെ, അനുഭവിപ്പിച്ചു. എയര്‍പോര്‍ട്ടില്‍, കസ്റ്റംസുകാരുടെ പിടിച്ചുപറിയായിരുന്നു. ബോംബെ ബസ്സില്‍ മുതല്‍ നമ്മുടെ നാട്ടുവഴിയില്‍പോലും, കസ്റ്റംസുകാരുടെ കാവല്‍ ചെക്കിങ്ങും പിടുത്തവും കഴിഞ്ഞാല്‍ ഈ ഗള്‍ഫുകാരന്‍ വീടെത്തുമ്പോഴേക്കും പകുതി ജീവനെ ഉണ്ടാവുകയുള്ളൂ. ഇതൊക്കെ നടക്കുന്നത് നമ്മുടെ രാജ്യത്ത് പത്ത് പതിനഞ്ച് വര്‍ഷം മുമ്പാണെന്ന് നാം അറിയണം. നാം പുരോഗമനത്തിന്റെ കഥപറയുമ്പോള്‍, ഈ കാര്യം വിസ്മരിച്ചുകൂടാ... പല മേഖലകളിലും നാം പുരോഗതി കൈവരിച്ചെങ്കിലും നമ്മുടെ ഉദ്യോഗസ്ഥവൃന്ദങ്ങളില്‍ ഒരു മാറ്റവും വന്നിട്ടില്ല ഇതുവരെ.

എമിഗ്രേഷനും ടിക്കറ്റും ചവിട്ടി കയറ്റലും പാസ്‌പോര്‍ട്ട് വെരിഫിക്കേഷനും പള്ളി അമ്പല പിരിവും ഇങ്ങനെ നൂറ് കാര്യങ്ങളുമായി ഗള്‍ഫുകാരെ നേരിട്ടത് കുറഞ്ഞ വര്‍ഷം മുമ്പാണ്. ഇന്ന് ജര്‍മ്മനിയില്‍ ഇറങ്ങുന്ന ഒരു ടോര്‍ച്ചോ, ജപ്പാന്റെ ടി.വി.യോ, സൈക്കോ ഫൈവ് വാച്ചോ, നിഡോയോ നമുക്ക് നമ്മുടെ ചെറിയ അങ്ങാടിയില്‍ കിട്ടും. ഈ വളര്‍ച്ച ഗാട്ട് കരാര്‍ കൊണ്ടോ, മറ്റ് ഏതെങ്കിലും കരാര്‍ കൊണ്ടോ ആണ് സംഭവിച്ചതെങ്കില്‍ അത് നമ്മള്‍ പ്രവാസികള്‍ അംഗീകരിക്കണം. അതിന്റെ ദൂരവ്യാപകപ്രശ്‌നങ്ങളും പ്രയാസങ്ങളും കണ്ടേക്കാം. ലോകത്ത് നിന്ന്് എവിടുന്ന് വാങ്ങിയ ഉത്പന്നവും (നിയമാനുസൃതമായതെങ്കില്‍) ഏത് രാജ്യത്ത് കൊണ്ടുപോകുന്നതിലും വിലക്കുണ്ടാവരുത്.

ഇന്ന് സ്വര്‍ണവും, ഇലക്‌ട്രോണിക്‌സും ടോയ്‌സും ഫുഡും കൊണ്ട് കസ്റ്റംസ് ചെക്കിങ്ങില്ലാതെ ഇറങ്ങിവരുന്നത് കാണുമ്പോള്‍ നമ്മുടെ പഴയ ഗള്‍ഫുകാര്‍ മൂക്കത്ത് വിരല്‍വെക്കുന്നുണ്ടാവും. 'ഉച്ചഭക്ഷണത്തിന് ഞാന്‍ എത്തും' എന്നുപറഞ്ഞ് ഗള്‍ഫില്‍ നിന്ന് പോകുന്ന ഒരാള്‍ക്ക് ഉച്ചഭക്ഷണത്തിന് വീട്ടിലെത്താന്‍ കഴിയും. ദൂരം അത്രയും കുറഞ്ഞു.

ഇവിടുത്തെ ഗവണ്‍മെന്റ് ഒഴിവ് ദിവസങ്ങളില്‍ നാട്ടില്‍ പോകുന്ന ഒരു പുതിയ പതിവ് ചിലര്‍ സ്വീകരിച്ചിട്ടുണ്ട് ഇവിടെ. ''ഏഴ് ദിവസത്തെ ഒഴിവാണ്. ടിക്കറ്റ് ഫെയര്‍ വളരെ കുറവും.. ഒന്ന് പോയേച്ച് വരാം'' എന്ന് പറയുന്നവരുടെ എണ്ണം കൂടി വരികയാണ്. പോകുന്നത് എയര്‍ ഇന്ത്യാ എക്്‌സ്​പ്രസ്സില്‍. കുറ്റം പറയുന്നത് എക്‌സ്​പ്രസ്സിനെ. ആര്‍ക്കെങ്കിലും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരു കാര്യം പറയും. ഇത്രയും ചാര്‍ജ് കുറച്ച് പോകുന്ന ഒരു വിമാനകമ്പനിയും ഇവിടെ ഇല്ല. നല്ല സര്‍വീസ്. കൃത്യത. ആഴ്ചയില്‍ 100 ഓളം സര്‍വീസ് നടത്തുമ്പോള്‍, ചില 'സാങ്കേതിക' പ്രശ്‌നങ്ങള്‍ സ്വാഭാവികം. അത് മാത്രം ഉയര്‍ത്തികാട്ടി നാം നടത്തുന്ന സമരമുറകള്‍ പലതും അടിസ്ഥാനരഹിതമാണ്. ഒരു ബഡ്ജറ്റ് എയര്‍ എന്ന തീരുമാനമെടുത്തവരാരായാലും അത് നല്ലതാണ്. നല്ലതിനെ നല്ലതെന്നും അല്ലാത്തതിനെ അല്ലെന്നുമുള്ള തിരിച്ചറിവ് ഉണ്ടാവണം.

എയര്‍ ഇന്ത്യാ എക്്‌സ്​പ്രസ്സ് ബഹിഷ്‌കരിക്കണം എന്ന് പറഞ്ഞ് ഒപ്പ് ശേഖരണം നടത്തിയ ഗള്‍ഫിലെ ഒരു സംഘടനാ പ്രവര്‍ത്തകനെ എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സില്‍ കാണാനിടയായി. ചമ്മിപ്പോയ കക്ഷി പറഞ്ഞത് ''പെട്ടെന്ന് കിട്ടിയത് ഈ ഫ്‌ളൈറ്റാണ്. ഭാര്യയും മൂന്ന് കുട്ടികളും... മറ്റ് വിമാനത്തിന്റെ ഫെയര്‍'' എന്നൊക്കെയാണ്. എന്ത് പ്രസംഗിച്ചാലും പ്രവര്‍ത്തനത്തില്‍ കാണിച്ച് മാതൃകയാക്കാന്‍ ഒരാള്‍ പോലും ഇല്ല.

പ്രവാസി ഭാരത് ദിവസും, പ്രവാസി പുരസ്‌കാരവും നല്‍കി ആദരിക്കേണ്ടത് ഈ ഗള്‍ഫിന്റെ കുടിയേറ്റത്തിന് തുടക്കം കുറിച്ചവരെയാണ്. കഷ്ടതയിലും ബുദ്ധിമുട്ടിലും ജീവിച്ച് ഒന്നുമാകാതെ പോയവരെയാണ്. നമുക്ക് മുന്നെ വഴിനടന്നവരെയാണ്. നമുക്ക് ഭാവിയുടെ ഇരുളിലേക്ക് ചൂട്ട് കത്തിച്ച് നടന്നവരെയാണ്. പുനരധിവാസവും ക്ഷേമപ്രവര്‍ത്തനവും പെന്‍ഷനും അവര്‍ക്കും കൂടി അവകാശപ്പെട്ടതാണ്. അവാര്‍ഡും പൊന്നാട ചാര്‍ത്തലും പുരസ്‌കാരവും ഫലകവും അവര്‍ക്കവകാശപ്പെട്ടതാണ്.

ഗള്‍ഫിന്റെ ദൂരം കുറച്ച് നമ്മുടെ കൈവെള്ളയില്‍ വെച്ചുതന്ന നമ്മുടെ മുന്‍ഗാമികളെ വിസ്മരിച്ച് കൂട... ബിസിനസ് ലോകത്തെ ചക്രവര്‍ത്തിമാര്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിന് പകിട്ടില്ല. പൊലിമയില്ല. അവര്‍ക്ക് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ മുന്നേ നടന്നവരെ നമുക്ക് മറക്കാന്‍ കഴിയില്ല.വാസ്‌കോഡിഗാമയ്ക്ക് കാപ്പാട് സ്മാരകം പണിയാന കച്ചകെട്ടി ഇറങ്ങിയവര്‍ കേരളത്തില്‍ ഈ കണ്ട വളര്‍ച്ചയ്ക്ക് ചോരയും വിയര്‍പ്പും ജീവനും നല്‍കിയ പഴയ ഗള്‍ഫ് കുടിയേറ്റക്കാരെ ആദരിക്കാന്‍ ഒരു ഛായാചിത്രമെങ്കിലും....

4 comments:

Anonymous said...

നാണമില്ലേ.. ഇത് മാതൃഭൂമിയില് വന്നതല്ലേ...

http://www.mathrubhumi.com/nri/gulfnews/article_95927/

Unknown said...

Be careful while copying.....................
ha ha Mathrubhumi............

Unknown said...

hai good article

Najeeb Envee said...

yes ..... copy in mathrubhumi